Inauguration of Prathyasa Counselling Course - Online Diploma
പ്രത്യാശ കൗൺസലിങ്ങ് കോഴ്സ് ആരംഭിച്ചു.
കോട്ടയം: മനുഷ്യ ജീവിതത്തിൽ പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ് നിൽക്കുമ്പോൾ അത് ഫലപ്രദമായി നിർധാരണം ചെയ്യുന്നവരുടെ സാന്നിദ്ധ്യം സഭാ ശുശ്രൂഷയിൽ അനിവാര്യമാണെന്ന് ഓർത്തഡോക്സ് വൈദിക സെമിനാരി വൈസ് പ്രസിഡൻറ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.
ഓർത്തഡോക്സ് സെമിനാരിയിലെ പ്രത്യാശ കൗൺസലിങ്ങ് സിപ്ളോമാ കോഴ്സ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സാമൂഹിക മാനസിക പ്രശ്നങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജിവിത പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന ദൈവിക ശുശ്രൂഷ നിർവ്വഹിക്കുവാൻ വൈദികരോട് ചേർന്ന് അത്മായരുടെ നേതൃത്വവും ഉണ്ടാകണം. മാനുഷിക പ്രശ്നങ്ങൾ ലഘൂകരിക്കുവാൻ ശാസ്ത്രീയമായ പരിശീലനം ലഭ്യമാകുവാൻ പ്രത്യാശ കൗൺസലിങ്ങ് ഡിപ്ളോമാ കോഴ്സു വഴി സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ഷാജി പി.ജോൺ, ഫാക്കൽറ്റി സെക്രട്ടറി ഫാ.ഡോ. വർഗീസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
കൗൺസലിങ്ങ് ഡിപ്ളോമാ കോഴ്സിൽ 40 ലധികം വിദ്യാർത്ഥികളുണ്ട്. എല്ലാ ആഴ്ചയും വെള്ളിയാഴ്ച വൈകിട്ട് എട്ടുമണി മുതലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.